മലയാളത്തിന്റെ അനശ്വര കവിയും ഗാനരചയിതാവുമായ ശ്രീ വയലാർ രാമവർമ്മ വിട പറഞ്ഞിട്ട് 2025 ഒക്ടോബർ 27ന് അൻപത് വർഷങ്ങൾ പിന്നിട്ടു. ഈ അവസരത്തിൽ വയലാർ രാമവർമ്മ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരു വർഷക്കാലം (കവിയുടെ 50ആം ചരമദിനം മുതൽ 50ആം വയലാർ അവാർഡ് സമർപ്പണ ദിനം, 2026 ഒക്ടോബർ 27 വരെ) വയലാർ വർഷം എന്ന പേരിൽ വയലാറിന്റെ ഉജ്ജ്വല സ്മരണകൾ ആചരിക്കുന്നതിനും അവ സമൂഹത്തിൽ ശക്തമായി പ്രചരിപ്പിക്കുന്നതിനും വയലാർ സാഹിത്യ അവാർഡിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതിനുമുള്ള പരിപാടികൾ വിവിധ സ്ഥാപനങ്ങളും സംഘടനകളും ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. 2025 ഒക്ടോബർ 27-ാം തീയതി ‘വയലാർ വർഷം’ പരിപാടികളുടെ ഉദ്ഘാടാനം പന്ത്രണ്ട് വയലാർ അവാർഡ് ജേതാക്കൾ ചേർന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നിർവ്വഹിച്ചു.
2026 ഒക്ടോബർ 27-ാം തീയതി സമാപിക്കുന്ന വിധത്തിലാണ് വർഷാചരണം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളിയുടെ ഹൃദയത്തിൽ സൂക്ഷിച്ചു പോരുന്ന വയലാറിനോടുള്ള സ്നേഹവും അദ്ദേഹത്തിന്റെ സാഹിത്യത്തോടുള്ള ആദരവും വെളിപ്പെടുത്തുവാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് വയലാർ ട്രസ്റ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മലയാളികളെയാകെ കോർത്തിണക്കി വിവിധ സാംസ്കാരിക പരിപാടികളും നടത്തിവരുന്നുണ്ട്. സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്കും, സ്‌കൂൾ വിദ്യാർത്ഥികൾക്കുമായി കവിതാലാപനം, ഗാനാലാപനം, ചിത്രരചന, നൃത്താവിഷ്കാരം തുടങ്ങിയ മത്സരങ്ങൾ; സാഹിത്യ അക്കാദമികളുടെ സഹകരണത്തോടെ സെമിനാർ, പ്രഭാഷണ പരമ്പര; ഭാരത് ഭവൻ, വൈലോപ്പിളി സംസ്കൃതി ഭവൻ എന്നിവിടങ്ങളിൽ സംഗീതനിശ, നാടകങ്ങൾ, കലാപ്രദർശനം, തുടങ്ങിയ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ ജില്ല അടിസ്ഥാനത്തിൽ പുസ്‌തക പ്രദർശനം ഉൾപ്പടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പ്രസ് ക്ലബ്ബുമായി ചേർന്ന് ഡോക്യൂമെൻ്റേഷനും വീഡിയോ ചിത്രങ്ങളും നിർമ്മിക്കുന്നുണ്ട്. ഇതിനു പുറമെ അൻപത് വർഷത്തിന്റെ സ്‌മരണകളും വയലാർ അവാർഡിൻ്റെ മുഹൂർത്തങ്ങളും ഉള്ളടക്കമാക്കിക്കൊണ്ട് ഡിജിറ്റൽ ലൈബ്രറിയും സുവനിയർ പ്രസിദ്ധീകരിക്കും.
സാംസ്കാരിക വകുപ്പിൻ്റ നേതൃത്വത്തിൽ സാഹിത്യ, സാംസ്കാരിക/ സംഗീത പരിപാടികൾ സംഘടിപ്പിക്കും. സാംസ്‌കാരിക ടൂറിസത്തിൽ ഉൾപ്പെടുത്തി വിവിധ കലാ സാഹിത്യ സായാഹ്നങ്ങൾ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. വയലാർ വർഷക്കാലയളവിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ എല്ലാ മാസവും വയലാർ ഗാനസന്ധ്യ സംഘടിപ്പിച്ചുവരുന്നു.
ഇതോടൊപ്പം നാല്പത്തിയഞ്ച് വർഷം വയലാർ രാമവർമ്മ ട്രസ്റ്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച ശ്രീ. സി. വി. ത്രിവിക്രമൻ്റെ നാമധേയത്തിൽ പ്രത്യേക എൻഡോവ്മെന്റ് ഏർപ്പെടുത്തുന്നു, വയലാറിൻ്റെ സാഹിത്യ സംഭാവനകൾ ആസ്‌പദമാക്കി നടത്തുന്ന പ്രബന്ധ രചന മത്സരത്തിനാണ് എൻഡോവ്മെന്റ് നൽകുന്നത്.
വയലാർ വർഷം 2025 - 2026; സ്മൃതിയും അവാർഡും എന്ന ദേശീയ അന്തർദേശീയ പരിപാടിക്ക് സംസ്ഥാന സാംസ്‌കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കും. വയലാർ വർഷം 2025 - 2026ൻ്റെ സമാപനം നിശാഗന്ധിയിൽ 2026 ഒക്ടോബർ 26, 27 തീയതികളിലായി വിപുലമായ സാഹിത്യ സാംസ്കാരിക സംഗീത പരിപാടികളോടെ സംഘടിപ്പിക്കുന്നതാണ്.